{InkvXp‘aXw’
þ]¦n
ആമുഖം:
‘ഭൂതകാലത്തെ
അനുസ്മരിക്കാന്‍ കഴിയാത്തവര്‍ അതാവര്‍ത്തിക്കുന്നു’, അമേരിക്കന്‍ ചിന്തകന്‍ ജോര്‍ജ്ജ്
സന്തയന പറഞ്ഞുവച്ചു. ഭൂതകാലത്തെക്കുറിച്ചുള്ള
അനുസ്മരണമാണല്ലോ ചരിത്രം. പുരോഗതിയും, വികസനവും, നിരന്തര മാറ്റങ്ങളുമൊക്കെ
മനുഷ്യന്‍ ചരിത്രത്തില്‍ നിന്നും പാഠങ്ങള്‍ പഠിച്ചു എന്നതിന്‍റെ വ്യക്തമായ സൂചനകളാണ്.
ചരിത്രം അറിയാത്തവര്‍
സ്വയം അറിയുന്നില്ല എന്നതാണ് കാര്യം. അറിവില്‍ പരമമായത് സ്വയം അറിയുക എന്നത് വേറെ കാര്യം...
ചരിത്രം പലതരമാവാം – ജീവ ചരിത്രം, സാമൂഹിക ചരിത്രം, മത/സഭാ ചരിത്രം
എന്നിങ്ങനെ. ഇവിടെ നാം പ്രതിപാദിക്കാന്‍ ഉദ്ദേശിക്കുന്നത് ക്രൈസ്തവ/കത്തോലിക്ക സഭാ
‘ചരിത്ര’മാണ്. ഒരു ചരിത്ര രചന ഉദ്യമിക്കാന്‍ ഈ ലേഖകന്‍ ഒരു ചരിത്രകാരനോ,
വിശേഷിച്ചും ക്രൈസ്തവ ചരിത്രം മുതിരാന്‍ അതില്‍ പ്രാവീണ്യമുള്ളയാളോ അല്ല എന്ന്
ആദ്യമേതന്നെ വ്യക്തമാക്കട്ടെ... ആയതിനാല്‍ ഇതിനെ ഒരന്വേഷണമായിമാത്രം കരുതുക,
അതിനുള്ള ആഹ്വാനമായും... ഇതില്‍ പങ്കുചേരാന്‍ അനുവാചകഹൃദയങ്ങളെ വിനയപുരസ്സരം
സ്വാഗതം ചെയ്യട്ടെ...
മതങ്ങളുടെ ശ്രോതസ് രണ്ടെന്നാണ് അവയെല്ലാം അവകാശപ്പെടുന്നത്: ശ്രുതിയും സ്മൃതിയും
– വെളിപാടും പാരമ്പര്യവും. ആദ്യത്തേത് ‘വെളിപ്പെടു’ത്തപ്പെട്ടതാണ് എന്ന്
അവകാശപ്പെടുമ്പോഴും അത് മനുഷ്യ ഭാഷയിലൂടെയാണ് എന്നത് തര്‍ക്കമറ്റതാണ്, ആദ്യം
വാചിക പാരമ്പര്യമായും പിന്നീട് ലിഖിത രൂപത്തിലും... ക്രൈസ്തവ വേദപുസ്തക പഠനത്തില്‍
ഇങ്ങനെ ഒരു നിലപാടുതന്നെയുണ്ട്: ‘വേദപുസ്തകം എത്രമാത്രം ദൈവവചനമാണോ അത്രയ്ക്കും
അത് മനുഷ്യവചനവുമാണ്.’ അതുകൊണ്ടുതന്നെ ആ വചനങ്ങള്‍ക്ക് അവകാശപ്പെടുന്നത്രയും
അപ്രമാതിത്വം കല്പ്പിക്കപ്പെടെണ്ടതുമില്ല... മറ്റൊരവകാശമായ ‘സനാദന’ത്വം എല്ലാ
കാലത്തും സാഹചര്യങ്ങളിലും അവയ്ക്ക് അനുയോജ്യമായ രീതിയില്‍ വ്യാഖ്യാനം
സാധ്യമാണ് എന്നുള്ളതുമാണ്. ഇങ്ങനെ
മനസ്സിലാക്കിയതിന്റെ പ്രതിഫലനമാവണം ഓരോ മതത്തിലും വ്യതിരിക്തമായ/വ്യത്യസ്തമായ
ധാരകള്‍/ശാഖകള്‍ ഉടലെടുത്തത്... ക്രൈസ്തവ സഭയിലുമുണ്ട് ഇത്തരം വൈവിധ്യങ്ങള്‍.
വേദപുസ്തകമായ ബൈബിളിന്‍റെ കാര്യംതന്നെയെടുക്കാം. ഒരേ കാര്യത്തിന്‍റെ വ്യത്യസ്തമായ
വിവരണങ്ങള്‍ അതിലുണ്ട്: പഴയ നിയമത്തില്‍ ഉല്‍പ്പത്തി പുസ്തകത്തിലെ
സൃഷ്ടിയെക്കുറിച്ചുള്ള രണ്ടു വിവരണങ്ങള്‍; പ്രസ്തുത പുസ്തകത്തിലെതന്നെ നാലു
പാരമ്പര്യങ്ങള്‍ [JEDP –(J)Yahwist,
Elohist, Deuteronomist and Priestly], പുതിയ നിയമത്തിലെ നാലു
സുവിശേഷങ്ങള്‍ എന്നിങ്ങനെ...
അതുകൊണ്ടുതന്നെ ക്രൈസ്തവ/ കത്തോലിക്ക സഭ എന്നതിനേക്കാള്‍ സഭകള്‍ എന്നതാവും
ശരി. സംഖ്യ അനുപാതത്തില്‍ ക്രൈസ്തവ വിഭാഗങ്ങളിലെ വല്യേട്ടനാവാം കത്തോലിക്ക വിഭാഗം.
കൂടാതെ ‘പ്രോട്ടസ്ടാന്റ്റ്’ (ആ പ്രയോഗം തന്നെ അവര്‍ക്ക് അത്ര സ്വീകാര്യമല്ല എന്നാണു
മനസ്സിലാക്കുന്നത്), ഓര്‍ത്തോഡോക്സ് എന്നിങ്ങനെ വേറെ പലതുമുണ്ട്....
കത്തോലിക്കരിലും ഉണ്ട് റീത്ത് അടിസ്ഥാനത്തിലെ വിഭാഗീയത... അതുപോലെതന്നെ മറ്റു
രണ്ടിലും, വിശിഷ്യ രണ്ടാമത്തെതിന്‍റെ കാര്യത്തില്‍... എന്നാല്‍ എല്ലാവരും
ക്രിസ്തുവായി അവരോധിക്കപ്പെട്ട യേശുവിലാണ് അവരുടെ തുടക്കം കണ്ടെത്തുന്നത്... മാനവരാശിയുടെ
രാഷ്ട്രീയ സാമൂഹിക ചിന്തകളെ ‘ക്രിസ്തുമതം’പോല്‍ മറ്റൊരു മതമോ, ചിന്തയോ
സ്വാധീനിചിട്ടുട്ടുണ്ടാവില്ല. ഇത്രയും ആമുഖമായി പറഞ്ഞതിനുശേഷം ക്രൈസ്തവ സഭാ
ചരിത്രത്തിലേക്ക് ഒരു തിരനോട്ടമാവാമല്ലോ.
പ്രസിദ്ധനായ നിരീശ്വരവാദി
ഫ്രെഡ്റിക്ക് നീട്ഷേ ഇപ്രഹാരം പറഞ്ഞുവച്ചു: ‘യേശു ഒരു ചീങ്ങണ്ണിയായിരുന്നു. സഭ
അതിന്മേല്‍ സ്ഥാപിതമായി. ചീങ്ങണ്ണി വെള്ളത്തിനടിയിലും സഭമാത്രം മുകളില്‍
ദൃശ്യമാവുന്ന അവസ്ഥയിലും...’ ‘ നീയില്ലാത്ത കുരിശുകള്‍ നാട്ടി... നിന്നെ സക്രാരിയില്‍ പൂട്ടിയിട്ടു മതം’ എന്നെല്ലാം നമ്മുടെ നാളുകളില്‍ത്തന്നെ
പാടുവാന്‍ കവികളെ പ്രേരിപ്പിച്ച കാര്യങ്ങളിലേക്ക് തിരിയാതെ യതാര്‍ത്ഥ
ക്രൈസ്തവികതയെയോ അതിന്‍റെ ചരിത്ര ത്തെയോ അറിയുവാന്‍ പ്രയാസമാവും. ആയതിനാല്‍ ക്രൈസ്തവീകതയ്ക്ക്
മുമ്പിലത്തെ യേശു – നസ്രത്തിലെ യേശുവിനെ അന്വേഷിച്ച് ഇറങ്ങാം ആദ്യമേ...
ക്രൈസ്തവീകതയ്ക്ക് മുമ്പിലത്തെ യേശു – നസ്രത്തിലെ യേശു:
ഇന്ന് ക്രിസ്തുവായി,
ദൈവമായി, ദൈവപുത്രനായൊക്കെ പ്രഘോഷിക്കപ്പെടുന്ന യേശുവല്ല, അദ്ദേഹത്തിന്‍റെ
സമകാലികര്‍ക്കു അദ്ദേഹം. മറിച്ച് വെറും ഒരു ‘തച്ചന്റെ മകന്‍’. (മത്തായി 13:55). തന്നെ കണ്ടവരുടെയും
കേട്ടവരുടെയുമെല്ലാം, യോഹന്നാന്‍റെവരെ പ്രശംഷ പിടിച്ചുപറ്റിയ ഒരു സാധാരണക്കാരന്‍.
മനുഷ്യ/മാനവ പ്രശ്നങ്ങളെ തനതാക്കിയവാന്‍, അവരുമായി എല്ലാ അര്‍ത്ഥത്തിലും
താദാത്മ്യം പ്രാഭിച്ചവന്‍, ശുഭാപ്തി വിശ്വാസത്തോടെ അവയെ പരിഹരിക്കാന്‍ ശ്രമിച്ചവന്‍,
പ്രശ്നത്തില്‍പ്പെട്ടു ഉഴലുന്നവരെ ആര്‍ദ്രതയോടെ അനുകമ്പാപൂര്‍വ്വം സമീപിച്ചവന്‍,
അഭയവും ആശ്വാസവും അംഗീകാരവും നല്കിയവന്‍... അവരുടെ പ്രയാസങ്ങളെ അതിജീവിക്കാന്‍
ശ്രമിച്ചപ്പോള്‍ എതിര്‍ത്ത ശക്തികളെ, സംവിധാനങ്ങളെ നേരിട്ടവന്‍, അവയുടെ എല്ലാം
പരിസമാപ്തിയായി ജീവനെത്തന്നെ ത്യജിച്ചവന്‍... ദൈവത്തെ ‘പിതാവേ’ എന്ന് വിളിക്കാന്‍
ധൈര്യം കാണിച്ചവന്‍, അങ്ങനെ വിളിക്കാന്‍ ജനങ്ങളെ പഠിപ്പിച്ചവന്‍, ദൈവമക്കളുടെ
സ്വാതന്ത്ര്യത്തെ ഒരു നിയമവും, അത് എത്ര ശ്രേഷ്ടമായാലും, നിരാകരിക്കാന്‍,
നിഷേധിക്കാന്‍ അനുവദിക്കാത്തവന്‍... നുകമായിത്തീര്‍ന്ന നിയമങ്ങളെ സ്നേഹംകൊണ്ട്
ലഘൂകരിച്ചവന്‍, അവയ്ക്ക് പൂര്‍ണത
നല്കിയവന്‍... അദ്ദേഹത്തെ ഗുരുവായിക്കണ്ടവര്‍, അങ്ങനെ അനുഗമിച്ചവര്‍ ധാരാളം...
അദ്ദേഹം ദൈവീകത
അവകാശപ്പെട്ടു എന്നതിലുപരി അത് അവിടുത്തെമേല്‍ പിന്നീട് ആരോപിക്കപ്പെട്ടു, ചാര്‍ത്തപ്പെട്ടു
എന്നതാവും ശരി. ‘കുരിശില്‍ തറച്ച യേശുവിനെ ദൈവം, കര്‍ത്താവും
ക്രിസ്തുവമാക്കി ഉയര്‍ത്തി...’ (അപ്പ. പ്രവര്‍ത്തനങ്ങള്‍ 2:36) എന്ന
ശിഷ്യഗണങ്ങളുടെ അനുഭവത്തിനുശേഷം പ്രചരിക്കപ്പെട്ട, തുടര്‍ന്ന് രചിക്കപ്പെട്ട
സുവിശേഷങ്ങളിലും മറ്റു രചനകളിലും അദ്ദേഹത്തിനു ദൈവീകപരിവേഷം നല്‍കപ്പെട്ടു.
യേശുവിന്‍റെ കാലഘട്ടം എന്താണ്ട് നമ്മുടെതിനു സമാനമായിരുന്നു, നമ്മുടെതുപോലത്തെ
പ്രശ്നങ്ങള്‍, ആസന്നമായ ലോകാന്ത്യത്തെക്കുറിച്ചുള്ള ആശങ്കകള്‍ ഉള്‍പ്പെടെ ജീവന്‍
മരണ പോരാട്ടങ്ങള്‍... അതിനുള്ള യേശുവിന്‍റെ ഭാവാത്മകമായ, പ്രതീക്ഷാന്നിര്‍ഭരമായ
നിലപാടുകള്‍ അവിടുത്തെ വ്യത്യസ്തനാക്കി, പ്രസക്തനാക്കി...
ഈ നിലപാട് ദൈവരാജ്യ പ്രഖ്യാപനമായി, പ്രവര്‍ത്തനമായി പരിണമിച്ചു. അതിന്‍റെ സഹ- കാരികളായി, സഹയാത്രികരായി
ശിഷ്യഗണങ്ങളുണ്ടായി. അവരിലൂടെ അത് യാഥാര്‍ത്ഥ്യമാകുംവരെ തുടരണമെന്നും
ആശിച്ചിട്ടുണ്ടാവണം... ‘നന്മകള്‍ ചെയ്തു കടന്നുപോയ’ യേശുവിനെ വകവരുത്താനായി
തിന്മയുടെ ശക്തികള്‍ തീരുമാനിച്ചു. നിര്‍ദയമായ ആ മരണത്തെക്കുറിച്ചുള്ള സൂചനകള്‍പോലും
ശിഷ്യഗണങ്ങള്‍ക്ക് ഒരുതരത്തിലും സ്വീകാര്യ- മായിരുന്നില്ല.
അത് സംഭവിച്ചുകഴിഞ്ഞപ്പോള്‍ അവരുടെ അനുഭവം, തുടര്‍ന്നുള്ള പെരുമാറ്റം പ്രതീക്ഷിച്ചതിലും നേര്‍ വിപരീത
രീതിയിലായിരുന്നു. ഭീരുക്കളും പേടിത്തൊണ്ടന്‍മാരുമായ അവര്‍ യേശുവിന്‍റെ സാന്നിധ്യം
പൂര്‍വ്വാധികം ശക്തമായി അനുഭവിച്ചു, അവിടുന്ന് മരണത്തെ അതിജീവിച്ചുവെന്നുതന്നെ
അവര്‍ വിശ്വസിച്ചു. അത് അവര്‍ സധൈര്യം പ്രഘോഷിച്ചു. ആ അനുഭവമാണ്, പ്രഘോഷണമാണ്
ശിഷ്യ സമൂഹത്തിന്‍റെ കൂടിവരവിന്, തുടര്‍ന്നുള്ള ജീവിതയാത്രയ്ക്കു അടിത്തറയായത്.
അത് ഒരു ‘മാര്‍ഗ്ഗമായ്/വഴിയായി’ പരിണമിച്ചു, അല്ലാതെ ഒരു സംവിധാനമായി അധികാര
ശ്രേണിയായല്ല മാറിയത്... കാലാന്തരത്തില്‍ അത് അങ്ങനെയുമായി എന്നത് ഒരു
വിരോധാഭാസമെന്നല്ലാതെ മറ്റെന്താണ്!
യേശുവിന്‍റെ ജീവിതത്തെ പ്രതിപാതിക്കുന്ന സുവിശേഷ
രചയിതാക്കളില്‍ ഒരാളായ ലൂക്കോസ് അവിടുത്തെ മരണാനന്തര/പുനരുദ്ധാനന്തര ശിഷ്യന്മാരുടെ
നടപടികളെ പ്രതിപാതിക്കുന്ന ഒരു രചനയും നടത്തി. അതാണ് ‘അപ്പോസ്തല നടപടി’. ആദിമ
സഭയുടെ ചരിത്രം ഇവിടെ ലഭ്യമാണ്, സാവൂളിന്റെ ചരിത്രം ഉള്‍പെടെ...
സഭയുടെ പ്രാരംഭ പ്രഘോഷണം ഇതായിരുന്നു: ‘...നിങ്ങള്‍
കുരിശില്‍ തറച്ച യേശുവിനെ ദൈവം, കര്‍ത്താവും ക്രിസ്തുവുമാക്കി ഉയര്‍ത്തി..’. ഇത്
തന്നെയാണ് എക്കാലത്തെയും പ്രഘോഷണവും. പ്രത്യക്ഷത്തില്‍ ഭീരുക്കളും,
പേടിത്തൊണ്ടന്മാരുമെന്നു വിശേഷിപ്പിക്കാവുന്ന ആ ചെറിയ ഗണം, വിശേഷിച്ചും പത്രോസ്,
നിര്‍ഭയനായി ജെറുസലേമില്‍ ‘സകല ജനപതങ്ങളിലും നിന്നു വന്ന’... യഹൂദരോട് പ്രഖ്യാപിച്ചതാണിത്. ‘അവന്‍റെ വചനം ശ്രവിച്ചവര്‍
സ്നാനം സ്വീകരിച്ചു, ആയിരക്കണക്കിന്... (Acts 2:36, 41)
‘വിശ്വസിച്ചവര്‍ എല്ലാവരും ഒറ്റ സമൂഹമാവുകയും തങ്ങള്‍ക്കുണ്ടായിരുന്നതെല്ലാം
പോതുവായിക്കരുതുകയും ചെയ്തു. അവര്‍ തങ്ങളുടെ സ്വത്തുക്കളും വസ്തുവകകളും വിറ്റ്
ആവശ്യാനുസരണം എല്ലാവര്‍ക്കും വീതിച്ചു...’ (Acts 2:44ff). അത് ഒരു ‘മാര്‍ഗ്ഗമായ്/വഴിയായി’ പരിണമിച്ചു, അല്ലാതെ ഒരു സംവിധാനമായി അധികാര
ശ്രേണിയായല്ല...
എന്നാല്‍, പ്രതിയോഗിയായി, വിനാശകാരിയായി രംഗ പ്രവേശം
ചെയ്ത് ശിഷ്യനായി – അപ്പൊസ്തലനായി - സ്വയം
അവരോധിച്ച് സ്ഥിരപ്രതിഷ്ഠ നേടിയ. പോളായിത്തീര്‍ന്ന
ഫരിസേയന്‍ സാവൂള്‍ (Acts 8:3; 9:1ff; 18-20, 22,
28; 11:25-26) - യഹൂദ/ഫരിസേയ ദൃസ്ടിയിലൂടെ യേശുവിനെ, അവിടുത്തെ
സുവിശേഷത്തെ വ്യാഖ്യാനിച്ചു, പത്രണ്ടോളം ഈടുറ്റ ലേഖനങ്ങളിലൂടെ... ‘…പൌലോസ് യേശു സംഭവത്തിന്‍റെ ആത്യന്തിക അര്‍ത്ഥത്തെപ്പറ്റിയും
ക്രൈസ്തവ ജീവിതത്തില്‍ അതിനുള്ള സാംഗത്യത്തെപ്പറ്റിയും വിചിന്തനം
ചെയ്യുന്നുണ്ട്... ക്രിസ്തുവിനെക്കുറിച്ചു ആദിമസഭയ്ക്കുണ്ടായിരുന്ന
വിശ്വാസാധിഷ്ടിതമായ അറിവ് ദൈവശാസ്ത്ര വിചിന്തനത്തിന്റെ മേഖലകളിലേക്ക് ഉയര്‍ത്തുവാന്‍
അദ്ദേഹത്തിനു സാധിച്ചു.’(p. V of ‘പുതിയ നിയമം, ‘ആമുഖം’ പി.ഓ.സി ബൈബിള്‍) ‘what we have today is ‘Paulianity’, rather than Christianity’,
എന്നൊരു നിലപാടുതന്നെ ചിന്തകന്മാരുടെ ഇടയിലുണ്ടാക്കിയിട്ടുണ്ട്. യേശു
പ്രസ്ഥാനത്തിന്‍റെ താത്വീക അടിത്തറ പാകുന്നതില്‍ അത്രവലിയ സ്വാധീനം
അദ്ദേഹത്തിനുണ്ട്.
ഭരണ-പൌരോഹിത്യ എതിര്‍പ്പുകള്‍ക്കിടയിലും ശിഷ്യഗണം വര്‍ദ്ധിച്ചു - അവരുടെ
ഉദാത്തവും ധീരവുമായ, ദൈവരാജ്യമൂല്യാധിഷ്ടിത ജീവിത മാതൃകയിലൂടെത്തന്നെ. (Acts 2:41-47; 4: 32-35). ഒപ്പം തിരസ്കരണവും, ഒറ്റപ്പെടുത്തലുകളും, പീഡനങ്ങളും, ഒളിവില്‍പ്പോക്കും... ഇവ
ഏതാണ്ട് മൂന്ന് നൂറ്റാണ്ടുകളോളം തുടര്‍ന്നു... എങ്കിലും സഭ വളര്‍ന്നു...
ഈ ചുറ്റുപാടുകളിലാണ്, അടിസ്ഥാനത്തെത്തന്നെ മാറ്റിമറിച്ച (paradigm shift) ഒരു യാദൃശ്ചിക സംഭവം ഉണ്ടായത്... അത് കോന്‍സ്ടന്‍റൈനുമായി ബന്ധപ്പെട്ടതും അദ്ദേഹം
ക്രിസ്തു മതം സ്വീകരിക്കാന്‍ പ്രേരകമായതുമാണ്... രാജാവിന്‍റെ മതം
പ്രജകളുടെതുമാണല്ലോ.. പിന്നങ്ങോട്ട് മത നേതൃത്വത്തിന് അംഗീകാരം, അധികാരം,
സ്ഥാനമാനങ്ങള്‍ എന്നിത്യാതി... യേശു വ്യക്തമായി വിലക്കിയ അധികാരവും അധികാര ശ്രേണിയും
കടന്നുവന്നു, യേശു നിഷ്കര്‍ഷിച്ച ദാരിദ്രിവും ലാളിത്യവും കൈമോശം വന്നു, പകരം
അധികാരവും, ആളും അര്‍ത്ഥവുമൊക്കെ ഉണ്ടായി, സമ്പല്‍സമൃദ്ധിയും സുഖലോലുപതയും സുരക്ഷിതത്വവു- മൊക്കെ... ഇവയെ ന്യായീകരിക്കാന്‍, നിലനിര്‍ത്താന്‍ മസ്ത്തിഷ്കക്ഷാളനംചെയ്യപ്പെട്ട
‘ദൈവശാസ്ത്രത്ജരു’ടെയും, നിയമ നിര്‍മ്മാതാക്കളു’ടെയും സഹായം വേറെ...
ഇവിടെ തുടങ്ങുന്നു മറ്റൊരു ചരിത്രം – സഭാ ചരിത്രം -, പലര്‍ക്കും അറിവുള്ള
ഒന്ന്, അറിയാന്‍ സാധ്യമായ ഒന്ന്...
ചരിത്രം പരാജിതന്റെയല്ല, ഇരകളുടെതുമല്ല എന്നതുപോലെ സഭാ ചരിത്രവും സാധാരണ-
ക്കാരന്‍റെതുമല്ല. അത് സഭാ നേതൃത്വത്തിന്‍റെ താല്പര്യങ്ങള്‍ സംരക്ഷിക്കുന്ന
ഒന്നാണ്... യഥാര്‍ത്ഥ ചരിത്രം/സത്യം നുണക്കഥകളുടെ ചാരത്തില്‍നിന്നും ഉയര്‍ത്തെഴുന്നേറ്റുവരും,
കാലക്രമേണയും സാവകാശവും, വന്നുകൊണ്ടിരിക്കുന്നു എന്നത് സാധാരണക്കാരന് ആശാവഹംതന്നെ...
അത്തരം ചരിത്രത്തിനായി കാത്തിരിക്കാം...
-
Thiruvananthapuram / കേരളപ്പിറവി ദിനം 1.11.2015
No comments:
Post a Comment