Monday, 28 March 2016

Fr. Richard D'Cruz - Sacerdotal Golden Jubilee 2016

അര നൂറ്റാണ്ടിന്‍റെ ശുശ്രൂഷാ നിറവില്‍...
ഫാ. റിച്ചാര്‍ഡ്‌ ഡി ക്രൂസ്
പൌരോഹിത്യ സുവര്‍ണ ജൂബിലി 1966 - 11th March - 2016
അരനൂറ്റാണ്ടിന്റെ പൌരോഹിത്യം ഒരു അനുഗ്രഹംതന്നെയല്ലേ, അധിജീവനവും,  പ്രത്യേകിച്ച് രണ്ടാം വത്തിക്കാന്‍ സുനഹദോസിനു ശേഷമുണ്ടായ പുതിയ വീക്ഷണങ്ങളുടെ വെല്ലുവിളികളും, കാലഘട്ടത്തിന്‍റെ പരീക്ഷണങ്ങളും പ്രലോഭനങ്ങളും നിറഞ്ഞ സാഹചര്യത്തില്‍... അതുകൊണ്ടുതന്നെ അത് ആഘോഷിക്കപ്പെടെണ്ടതുമാണ്...

ജൂബിലി സന്തോഷമാണ്, അമ്പതു വര്‍ഷങ്ങളുടെ നിറവാണ്... അത് വിശുദ്ധീകരിക്കപ്പെടാന്‍ വേണ്ടിയാണ്, സ്വാതന്ത്ര്യം പ്രഖ്യാപിക്കപ്പെടാനും (Lev 25:8ff)… ഇനി അത് അക്ഷരാര്‍ദ്ധത്തില്‍ യാധാര്ത്യമാവും, സജീവ വൈദീകശുശ്രൂഷ/ ധര്‍മ്മത്തില്‍നിന്നും വിരമിക്കുന്നതോടെ...

ഈ ആഘോഷ വേളയില്‍ പൌരോഹിത്യത്തെക്കുറിച്ചു വേദപുസ്തക - ചരിത്ര വഴികളിലൂടെയുള്ള ഒരു സാമാന്യന്റെ അന്വേഷണം അസ്ഥാനത്തായിരിക്കില്ലെന്നു കരുതട്ടെ:

മതങ്ങള്‍, വിശേഷിച്ചും വ്യവസ്ഥാപിത മതങ്ങള്‍, നിലനില്‍ക്കുന്നത് പൌരോഹിത്യത്തിലൂടെയാണ്... ക്രൈസ്തവ സഭകള്‍ക്ക്, പ്രത്യേകിച്ചും കത്തോലിക്ക സഭയ്ക്ക് ഇത് തികച്ചും അന്വര്‍ത്ഥമാണ്. പുരോഹിത കേന്ദ്രിക്രതമാണ് സഭ. അതില്ത്തന്നെയുണ്ട്‌ അധികാര ശ്രേണിയും! ഇന്ന് പ്രമാണ രേഖകളിലും മറ്റുമൊക്കെ അതിനു നേരിയ മാറ്റം വന്നുവെങ്കിലും അവ പ്രയോഗത്തില്‍ വരാന്‍ വേണ്ടിവരും പതിറ്റാണ്ടുകള്‍ ഇനിയും... രാജകീയ പൌരോഹിത്യം, അതിന്‍റെ അധികാര, ആധിപത്യ, അവകാശ പ്രൌഡിയുടെ സീമ/രീതികളില്‍നിന്നും യതാര്‍ത്ഥ ശുശ്രൂഷയുടെ തലങ്ങളിലേക്ക് ഇറങ്ങിവരാന്‍ ഇനിയും വൈകിയേക്കും...

മേല്‍ സൂചിപ്പിച്ച പുരോഹിത പാരമ്പര്യം കുറെയധികം കാലം അനുഭവിച്ചു ജീവിച്ചയാളാണ് റിച്ചാര്‍ഡ് അച്ഛന്‍... ഇന്ന് പുരോഹിതന് അസ്പര്‍ശ്യതയോ മറ്റൊ  കല്പിച്ചോ കരുതിയോ മാറിനില്‍ക്കാന്‍ ആവില്ല,  ജനത്തിന്‍റെ കൂടെ, മനുഷ്യാവധാരത്തിന്റെ രഹസ്യം ഉള്‍ക്കൊണ്ടുകൊണ്ട്, അവരുടെ സുഖത്തിലും ദുഖത്തിലും ഒപ്പമുണ്ടാകണം... അങ്ങനെ ജീവിക്കാന്കൂടി നിര്‍ബന്ധിതരായ ഒരു തലമുറയിലെ വൈദീകനാണ് അച്ഛന്‍....
   
പുരോഹിതരും പൌരോഹിത്യവും പൌരാണികമാണ്, വിശുദ്ധമാണ്, വിശുദ്ധീകരിക്കാനുള്ളതാണ്. ക്രൈസ്തവ/കത്തോലിക്ക പൌരോഹിത്യത്തിന്റെ മൂലം യഹൂദ പൌരോഹിത്യം തന്നെയല്ലേ? യേശു ഒരു യാഹൂദനായിരുന്നുവല്ലോ. പൌരോഹിത്യത്തിന്റെ അവിഭാജ്യവും, സുപ്രധാനവുമായ ഒരു ഘടകമാണല്ലോ ബലിയര്‍പ്പണം (Gen 8:20; 22:2, 13). ഉല്‍പ്പത്തിപുസ്തകകാലം (Gen 14:18; Ex 18:1, 31:10) മുതലേ  സുപരിചിതമാണത്. ഗോത്രങ്ങളുടെ തലവന്‍/പിതാവായിരുന്നിരിക്കണം അവയുടെ പുരോഹിതരും. പന്ത്രണ്ട് ഗോത്രങ്ങളില്‍ ഒന്നിനെ – ലേവിയെ - പുരോഹിത ശുശ്രൂഷ എല്പ്പിച്ചതും ശ്രദ്ധേയമാണ് (Deut 10:8-9). ഒരു ഗോത്രം എന്നല്ല, ഇസ്രായേല്‍ മുഴുവനും തന്‍റെ ‘പുരോഹിത രാജ്യവും, വിശുദ്ധ ജനവുമായിരിക്കും’ എന്ന് ദൈവം പറഞ്ഞുവച്ചതും മറക്കാതിരിക്കാം. (Ex 19:5-6).

കാലാന്തരത്തില്‍ അത് അധികാരത്തിന്‍റെയും, ആസ്തിയുടെയുമൊക്കെ നീരാളിപ്പിടുത്തത്തില്‍ പെട്ടുപോയി (I സാമുവല്‍ 2:12ff). ഇത്തരം പുരോഹിതരെ, പൌരോഹിത്യത്തെ പ്രവാചകന്മാര്‍ നിഷിദ്ധമായി വിമര്‍ശിച്ചു, തള്ളിപ്പറഞ്ഞു (Jer 23:11; Eze 7:26; Hos 4:9). യേശുപോലും നല്ല സമരിയാക്കാരന്റെ ഉപമയിലൂടെ ‘പ്രഹരമേറ്റ് അര്‍ധപ്രാണനായ വഴിയാത്രക്കാരനെ കണ്ടിട്ടും മറുവശത്തുകൂടെ കടന്നുപോയ പുരോഹിതനിലൂടെ’ ഹൃദയമിലാത്ത, അനുഷ്ടാനവ്യഗ്രതപൂണ്ട മനസ്സിനെയല്ല അനുഗരിക്കാന്‍ പറയുന്നത്...

പുതിയനിയമത്തില്‍ ഹെബ്രായര്‍ക്കെഴുതിയ ലേഖനത്തിലല്ലാതെ (വെളിപാട് പുസ്തകത്തിലെ പരോക്ഷ പരാമര്‍ശങ്ങളോഴിച്ചാല്‍) യേശുവിനെ ഒരിടത്തും പുരോഹിതനായി ചിത്രീകരിച്ചുകാണുന്നില്ല.  അവിടുത്തെ പ്രവാചകനായി കണ്ടവരുണ്ട്, ക്രിസ്തുവായും... എന്നാല്‍ യേശു നല്ല ഇടയനായി, ഗുരുവായി, നാഥനായൊക്കെ സ്വയം അവതരിപ്പിച്ചു...

അവിടുന്ന് ആരെയെങ്കിലും വിളിചിട്ടുട്ടെങ്കില്‍ അത് ശിഷ്യത്വത്തിലേക്ക് മാത്രം, അതുപോലും ‘തന്നെത്തന്നെ പരിത്യജിച്ചു തന്‍റെ കുരിശുമെടുത്തു’ അനുഗമിക്കാനുമാണ് (Mt 16:24). യോഹന്നാന്‍റെ സുവിശേഷത്തില്‍ ‘പൌരോഹിത്യ-ദിവ്യകാരുണ്യ സ്ഥാപന’ങ്ങളുടെ അന്ത്യ അത്താഴത്തിനു പകരം നല്‍കപ്പെട്ടിട്ടുള്ളത്‌ പാദം കഴുകല്‍ സുശ്രൂഷയാണ് (Jn 13:1ff). ‘നിങ്ങളുടെ കര്‍ത്താവും ഗുരുവുമായ ഞാന്‍ നിങ്ങളുടെ പാദങ്ങള്‍ കഴുകിയെങ്കില്‍, നിങ്ങളും പരസ്പരം പാദങ്ങള്‍ കഴുകണം’ (Jn 13:14). കൂടാതെ, ‘വിജാതിയരുടെ ഭരണകര്‍ത്താക്കള്‍ അവരുടെമേല്‍ യജമാനത്വം പുലര്‍ത്തുന്നുവെന്നും അവരുടെ പ്രമാണികള്‍ അവരുടെമേല്‍ അധികാരം പ്രയോഗിക്കുന്നുവെന്നും നിങ്ങള്‍ക്കറിയാമല്ലോ. എന്നാല്‍, നിങ്ങളുടെയിടയില്‍ അങ്ങനെയാകരുത്. നിങ്ങളില്‍ വലിയവനാകാന്‍ ആഗ്രഹിക്കുന്നവന്‍ നിങ്ങളുടെ ശുശ്രൂഷകനായിരിക്കണം. നിങ്ങളില്‍ ഒന്നാമനാകാന്‍ ആഗ്രഹിക്കുന്നവന്‍ എല്ലാവരുടെയും ദാസനായിരിക്കണം. മനുഷ്യപുത്രന്‍ വന്നിരിക്കുന്നത്, സുശ്രൂഷിക്കപ്പെടാനല്ല, ശുശ്രൂഷിക്കാനും സ്വന്തം ജീവന്‍ അനേകര്‍ക്കുവേണ്ടി മോചനദ്രവ്യമായി നല്കാനുമാത്രേ’ (Mk 10:42-45) എന്നും പറയുന്നതാണ് യേശുവിന്‍റെ മനസ്സ്...

ഇതാണ് യേശുവിന്‍റെ സ്ഥായി ഭാവം. അല്ലാതെ പൌരോഹിത്യമോ, അതിന്‍റെ അകല്‍ച്ചയോ/അസ്പര്‍ശ്യതയോ, ആട്യത്വമോ അല്ല. അവരെ അവിടുന്ന് നിഷിദമായി വിമര്‍ശിച്ചിരുന്നു. അവിടുത്തെ കാലഘട്ടത്തിലെ പുരോഹിതരുടെ കണ്ണിലെ കരടായിരുന്നു യേശു... ജെറുസലെം ദേവാലയ ശുദ്ധീകരണംപോലുള്ള നടപടികള്‍, വിമര്‍ശനാത്മ സമീപനമൊക്കെ അതിനു കാരണമായി... അവിടുത്തെ പ്രതിയോഗികള്‍ ശരിക്കും പുരോഹിതരാണ്, അവരെ പിന്തുണയ്ക്കുന്ന വ്യക്തികളും സംവിധാനവുമാണ്... അവരാണ് അവിടുത്തെ മരണത്തിനു ഏല്പിച്ചുകൊടുത്തത്... കുരിശില്‍ തറച്ചു കൊല്ലണമെന്ന് ആവശ്യപ്പെടാന്‍ ജനത്തെ പ്രേരിപ്പിച്ചത്...

അവിടുന്ന് നമുക്ക് സുപരിചിതമായ ‘രാജാ’വുമല്ല. ‘അവര്‍ വന്നു തന്നെ രാജാവാക്കാന്‍വേണ്ടി ബലമായി പിടിച്ചുകൊണ്ടുപോകാന്‍ ഭാവിക്കുന്നു എന്ന് മനസ്സിലാക്കിയ യേശു വീണ്ടും തനിയെ മലമുകളിലേക്കു പിന്മാറി’ (Jn 6:15).

യേശുവിന്‍റെ ജീവിതത്തിലെ അവസാനത്തെ പെസഹായുടെ സമയത്ത് സാധാരണയില്‍നിന്നു വ്യത്യസ്തമായി അവിടുന്ന് ‘അപ്പമെടുത്ത്, ആശീര്‍വദിച്ച്, മുറിച്ച്, അവര്‍ക്ക് നല്‍കിക്കൊണ്ട് അരുളിച്ചെയ്തു: ഇത് സ്വീകരിക്കുവിന്‍; ഇത് എന്‍റെ ശരീരമാണ്. അനന്തരം, പാനപാത്രം എടുത്ത്, കൃതജ്ഞതാസ്തോത്രം ചെയ്ത്, അവര്‍ക്ക് നല്‍കി. എല്ലാവരും അതില്‍നിന്നു പാനം ചെയ്തു. അവന്‍ അവരോട് അരുളിച്ചെയ്തു: ഇത് അനേകര്‍ക്കുവേണ്ടി ചിന്തപ്പെടുന്നതും ഉടംപടിയുടെതുമായ എന്‍റെ രക്തമാണ്.’ (Mk 14: 22-24)  ഈ വാക്കുകള്‍ അടുത്ത ദിവസം കാല്‍വരിയില്‍ അന്വര്‍ദ്ധമായി. അവിടെ അത് ബലിയെങ്കില്‍, യേശുതന്നെ ബാലിയാടും, ബലിപീടവും, ബലിയര്‍പ്പകനുമായി... അങ്ങനെ പിന്നീട് യേശു പുരോഹിതനായി, നിത്യ പുരോഹിതനും, പ്രധാന പുരോഹിതനുമൊക്കെയായി... ഇങ്ങനെയുള്ള യേശുവിനെ ഏതൊരു പുരോഹിതന് ഇന്ന് അനുഗരിക്കാന്‍ കഴിയും? വേണ്ട, പാദം കഴുകാനെങ്കിലും ആവുമോ? പിന്നെങ്ങനെ യേശുവിന്‍റെ പുരോഹിതനാവുക, ‘മറ്റൊരു ക്രിസ്തു’വാകുക? ആചാരം എളുപ്പമാണ്-വ്യവസ്ഥാപിത സഭയ്ക്ക് ആവശ്യവുമാണ്-, എന്നാല്‍ ആത്മാര്‍ത്ഥമായ ജീവിതം അസാദ്ധ്യം അല്ലായിരിക്കാം, പക്ഷെ ശ്രമകരംതന്നെ, കാല്‍വരിയിലേക്ക് നയിക്കുന്ന കുരിശിന്‍റെ വഴിപോലെ പീഡകള്‍ നിറഞ്ഞത്‌... 

പൌലോസിന്റെ വിവരണത്തില്‍ ‘എന്‍റെ ഓര്‍മയ്ക്കായി നിങ്ങള്‍ ഇത് ചെയ്യുവിന്‍... നിങ്ങള്‍ ഇത് ....ചെയ്യുമ്പോഴെല്ലാം എന്‍റെ ഓര്‍മയ്ക്കായി ചെയ്യുവിന്‍’ (I Cor 11:24-25) എന്നുമാണ് പറഞ്ഞിരിക്കുന്നത്. ദൈനംദിന ദിവ്യബലി പോയിട്ട് ഞായറാഴ്ച ബലിയുടെ സൂചനയെവിടെ? പെസഹാ ആണ്ടാച്ചരമായിരുന്നില്ലേ...

അവിടുത്തെ മരണാനന്തരമുള്ള ഉയിര്‍പ്പും അതിന്‍റെ പ്രഘോഷണവും  സ്ഥിതിഗതികള്‍ തിരിച്ചുവിട്ടു... പ്രത്യക്ഷത്തില്‍ ഭീരുക്കള്‍ എന്ന് തോന്നിച്ചിരുന്ന ശിഷ്യന്മാര്‍ ശക്തരായി... അവര്‍ ഉയിര്‍പ്പിനെ പ്രഘോഷിക്കാന്‍ തുടങ്ങി, അവിടുത്തെ ഓര്‍മയെ ആഘോഷിക്കാന്‍ തുടങ്ങി... ഇതിന്‍റെ ഭാഗമായി യേശു മരണത്തിന്‍റെ തലേദിവസം ഒരുക്കിയ അത്താഴത്തിലെ ‘അപ്പം  മുറിക്കല്‍’ ശുശ്രൂഷാ – നിലവിലുണ്ടായിരുന്ന പെസഹാ ആഘോഷത്തിനും പകരം – ആചരിക്കപ്പെട്ടു... അതിന് നേതൃത്വം നല്‍കിയിരുന്നത് പതിവുപോലെ സമൂഹത്തിലെ മൂപ്പന്‍/ശ്രേഷ്ടന്മാരും (Acts 14:23; Tit 1:5)...

ഇത് കാല്‍വരി ബലിയുടെ ഓര്‍മയായി... തികച്ചും അസാധാരണമായ, വ്യത്യസ്തമായ യേശുവിന്‍റെ ബലിയെ അത്താഴ വിരുന്നിലെ അപ്പം മുറിക്കല്‍ ശുശ്രൂഷയുടെ ആവര്‍ത്തനമായ ഒരു എളുപ്പ ഏര്‍പ്പാടാക്കി – ബലിയായി -  തരംതാഴ്ത്തി, അതിനു പുരോഹിതര്‍ വേണമെന്ന സ്ഥിതി കൊണ്ടുവന്നു... ശ്രേഷ്ഠന്‍ പുരോഹിത വേഷമിടാന്‍ നിര്‍ബന്ധിതനായി.... പൌരോഹിത്യം അങ്ങനെ പതുക്കെ പതുക്കെ കടന്നുവന്നു....

അപ്പോസ്തല പ്രമുഖനായ പത്രോസ് എല്ലാവരേയും ‘വിശുദ്ധമായ ഒരു പുരോഹിത ജനമാവുകയും ചെയ്യട്ടെ’ എന്നാണു ആശംഷിച്ചത്, ‘നിങ്ങള്‍ തെരഞ്ഞെടുക്കപ്പെട്ട വംശവും രാജകീയപുരോഹിതഗണവും വിശുദ്ധജനതയും ദൈവത്തിന്‍റെ സ്വന്തം ജനവുമാണ്’ എന്ന് പ്രഖ്യാപിക്കയും ചെയ്തത്(I Per 2:5, 9). പൌരോഹിത്യം ആരുടേയും കുത്തക അവകാശമല്ല, യേശു ശിഷ്യന്മാരുടെ ഇടയിലെങ്കിലും... മറ്റുള്ളവര്‍ക്കുവേണ്ടി സ്വയം ബാലിയാകുന്നവരെല്ലാം പുരോഹിതരാണ്, അല്ലാതെ കുറെ വര്‍ഷങ്ങളുടെ പരിശീലനാനന്തര പട്ടത്തിനൊടുവിലെ ഒരു നിയോഗമല്ല...

നാലാം നൂറ്റാണ്ടില്‍ ദൈവജനം വര്‍ദ്ധിച്ചതിനൊപ്പം അവരുടെ ആന്മിക ആവശ്യമായി ആരാധനക്രമാനുഷ്ടാനങ്ങളും വര്‍ദ്ധിച്ചു, വിശേഷിച്ചും ഉള്‍നാടുകളിലെ ചെറിയ സമൂഹങ്ങളില്‍. അത്തരം സാഹചര്യങ്ങളില്‍ അവിടെ വൈദീകരുടെ/പുരോഹിതരുടെ ആവശ്യം ഉണ്ടായി. അവരെയാണ് ‘ഇടവക വൈദീകര്‍’ എന്ന് വിശേഷിപ്പിച്ചു തുടങ്ങിയത്. [Cfr.Rajadas Gnanamuthan, ‘ദിവ്യ ബലി: സജ്ജീകരണവും വ്യാഖ്യാനവും’,  Kononia Publications, Neyyattinkara, 2015, p.53]

രണ്ടാം വത്തിക്കാന്‍ പ്രമാണ രേഖ ‘അങ്ങനെ, പൌരോഹിത്യപദവിയില്‍ മെത്രാന്മാരെ മിശിഹാ ഏല്പിച്ചിരിക്കുന്ന അപ്പസ്തോലിക ദൌത്യത്തിന്‍റെ ശരിയായ നിര്‍വഹണത്തിനുള്ള സഹപ്രവര്‍ത്തകരാണ്’ പുരോഹിതര്‍ എന്ന് പറഞ്ഞുവച്ചു. (Presbyterorum Ordinis, 2). കൂടാതെ തിരുപ്പട്ട കൂദാശയുടെ ശക്തിയാല്‍ നിത്യപുരോഹിത ശ്രേഷ്ടനായ ക്രിസ്തുവിന്‍റെ പ്രതിരൂപത്തില്‍ വൈദീകര്‍ അഭിഷിക്തരായിരിക്കുന്നത് സുവിശേഷം പ്രസംഗിക്കാനും വിശ്വാസികളെ പരിപാലിക്കാനും പുതിയ ഉടമ്പടിയിലെ യഥാര്‍ത്ഥ പുരോഹിതരെന്ന നിലയില്‍ ദൈവാരാധന നടത്താനുമാണ്’ എന്നും പ്രസ്താവിച്ചു. (Lumen Gentium, 28).

ഇന്നത്തെ പൌരോഹിത്യം യേശുവിന്റെതാണോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. പ്രത്യക്ഷത്തില്‍ അല്ലാ എന്നെ പറയാനാണ് എല്ലാ അര്‍ത്ഥത്തിലും തോന്നുന്നത്. നാം കാണുന്നത് വ്യവസ്ഥാപിത സഭയുടെ ഒരു ജീവനക്കാരന്‍, ഉദ്യോഗസ്ഥന്‍.. സഭാ സംവിധാനങ്ങളെ, ആസ്തികളെ, അധികാരത്തെ സംരക്ഷിക്കുന്നവന്‍... ആളുകള്‍ക്ക് മാതൃക എവിടെ, അവരെ ഉത്തേചിപ്പിക്കുന്ന പ്രഭാഷണം എവിടെ, സഹായിക്കുന്ന ശുശ്രൂഷാ എവിടെ... ആളുകള്‍ വേറെ മേച്ചില്‍പ്പുറങ്ങള്‍ അന്വേഷിചിറങ്ങിക്കഴിഞ്ഞു... വ്യാജ പ്രവാചകന്മാരും പുരോഹിതരും വേണ്ടുവോളമുണ്ട്... എല്ലാവര്‍ക്കും വേണ്ടത് ആളുകളുടെ പണമാണ്, നേര്‍ച്ചയാണ്‌, സ്തോത്ര കാഴ്ചകളാണ്... അതിനെവേണ്ട എല്ലാ വിദ്യകളും അവര്‍ക്കറിയാം, അത് നവീകരണ ധ്യാനം മുതല്‍ രോഗശാന്തി ശുശ്രൂഷവരെയും, പള്ളി പണി തുടങ്ങി, കുരിസ്സടിയും കഴിഞ്ഞു ഇന്നിന്‍റെ ഫാഷന്‍ എന്നോണം എ സി ഘടിപ്പിച്ച നിത്യആരാധനാ കപ്പേളകള്‍വരെ (കൂടുതലും ബെയ്സ്മെന്റിലാണെന്നത് വേറെ കാര്യം) എത്തിനില്‍ക്കുന്നു...!  ഇവരുടെ ആധ്യാത്മികത ആത്മാര്‍ഥത ഉള്ളതാണോ... എങ്കില്‍ ആളുകളുടെ ഇടയില്‍ ഇന്ന് കണ്ടു വരുന്ന ആത്മീയ ദാരിദ്ര്യം എന്തുകൊണ്ട്? വൈദീകര്‍ മാത്രുകയാവണം, പ്രചോദിപ്പിക്കണം ദൈവ ജനത്തെ.. അപ്പോഴല്ലേ ദൈവം മഹത്വപ്പെടൂ, മനുഷ്യര്‍ സ്വതന്ത്രരായി പുരോഗമിക്കു... ദൈവരാജ്യം യാഥാര്‍ത്യമാവൂ?

ഒരു സഹാശ്രേസ്ടന്‍ എന്ന് സ്വയം വിശേഷിപ്പിക്കുന്ന പത്രോസിന്റെ ശ്രേസ്ടന്മാര്‍ക്കുള്ള ഉപദേശത്തോടെ നമ്മുടെ അന്വേഷണം അവസാനിപ്പിക്കാം: ‘നിങ്ങളെ ഏല്പിച്ചിരിക്കുന്ന ദൈവത്തിന്‍റെ അജഗണത്തെ പരിപാലിക്കുവിന്‍. അത് നിര്‍ബന്ധം മൂലമായിരിക്കരുത്, ദൈവത്തെപ്രതി സന്‍മനസ്സോടെ ആയിരിക്കണം; ലാഭേച്ചയോടെ ആയിരിക്കരുത്, തീക്ഷണതയോടെ ആയിരിക്കണം; അജഗണത്തിന്റെമേല്‍ ആധിപത്യം ചുമത്തിക്കൊണ്ടായിരിക്കരുത്, സന്മാത്രുക നല്കിക്കൊണ്ടായിരിക്കണം’ (I Pet 5:2-3).  

അച്ഛന്‍റെ ഒരു ഹ്രസ്വ ജീവരേഖ: നമ്മുടെ പ്രിയങ്കരനായ ജൂബിലേറിയന്‍ റിച്ചാര്‍ഡ് അച്ഛന്‍ പാളയം ഇടവകയില്‍ പരേതരായ ശ്രി രായപ്പന്‍ ശ്രിമതി മേരി ദമ്പതികളുടെ പതിനൊന്നു മക്കളില്‍ രണ്ടാമത്തെ സന്താനമായി 30.03.1939 –ല്‍ ഭൂജാതനായി. സെന്റ്‌ ജോസെഫ്സ് സ്കൂളുകളിലെ വിദ്യാഭ്യാസത്തിനു ശേഷം 1957–ല്‍ കൊല്ലം സെന്റ്‌ റഫേല്‍സ് സെമിനാരിയില്‍ ചേര്‍ന്നു വൈദീക പരിശീലനം ആരംഭിച്ചു. തുടര്‍ന്ന് ആലുവാ കാര്‍മ്മല്‍ഗിരി, മംഗലപ്പുഴ സെമിനാരികളിലെ തത്ത്വശാസ്ത്ര-ദൈവ ശാസ്ത്ര പഠനങ്ങള്‍ക്ക് ശേഷം 11.03.1966-ല്‍ സ്വന്തം ഇടവക ദൈവാലയത്തില്‍ത്തന്നെ വൈദീകനായി അഭിഷിക്തനായി.
വൈദീക ശുശ്രൂഷ പ്രയാണം ആരംഭിച്ചത് തേവന്പാറയിലാണ്. അവിടെനിന്നു തച്ചന്കോട്, കിളിയൂര്‍, അടിമലത്തുറ, പുതിയതുറ, പൂന്തുറ, വട്ടപ്പാറ, പരുത്തിയൂര്‍, കൊല്ലങ്കോട്‌, പുല്ലുവിള, വിഴിഞ്ഞം, പൂവാര്‍, വലയവേളി, വലിയതുറ, പാളയം, കൊച്ചുവേളി, നിലവില്‍ നന്തന്‍കോട് എന്നീ പതിനേഴു ഇടവകകളില്‍ വികാരിയായും, വലിയതുറ, പാളയം ഫോറോനകളുടെ ഫൊറോനാ വികാരിയായും സേവനമനുഷ്ടിച്ചിട്ടുണ്ട്. [Parishes in italics are in Neyyattinkara diocese]
കൂടാതെ അമേരിക്ക ഉള്‍പ്പെടെയുള്ള വിദേശ രാജ്യങ്ങളും സന്ദര്‍ശിച്ചു സേവനവും ചെയ്തിട്ടുണ്ട്. ലത്തീന്‍ കത്തോലിക്ക ഐക്യ വേദിയുടെ സ്ഥിരം ആദ്ധ്യാത്മ ഗുരുവുമാണ്‌.
പൌരോഹിത്യ സ്വര്‍ണജൂബിലി നിറവിന്‍റെ ആശംഷകള്‍!
-   ഫാ.പങ്ക്രെഷ്യസ്

കുമാരപുരം/21.02.2016

No comments: